29.12.14

പട്ടിയുണ്ട് സൂക്ഷിക്കുക!




നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്.. 
മുന്നറിയിപ്പ് വെച്ചതല്ല.
എന്റെ സുരക്ഷയെകുറിച്ചോർത്ത് 
പോറ്റിവളർത്തുന്നതുമല്ല.

പരസ്പരം  മുഖം കനപ്പിച്ചു 
നിൽക്കുന്ന നമ്മുടെ ശീതീകരിച്ച
ഭവനങ്ങൾക്ക് ചുറ്റിലും 
ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ 
സംസ്ക്കാരത്തിനു പുറത്ത് 
പട്ടിയുണ്ട് സൂക്ഷിക്കുക എന്നത് 
ഒരു നല്ല പ്രയോഗം തന്നെയാണ്! 

16.12.13

കടുംകൈ !















പാളങ്ങളിൽ പിഞ്ഞിയ
ജീവിതത്തിന്റെ
അവസാന സ്വാശത്തിലൊഴിച്ച
ഇറക്കു വെള്ളത്തിലും,
കുഴഞ്ഞ ചോരയിലും
ഒടുവിലയാൾ  ചർദ്ദിച്ച
വാക്കുകൾ കുതറുമ്പോൾ
അതിന്റെ കനത്തിലേയ്ക്ക്
ആൾവലയം ഒച്ച പൂഴ്ത്തുന്നു!

തിരിച്ചറിയാൻ
കൈമുതലായൊന്നുമില്ലാത്തവന്റെ
സ്വകാര്യതയിലേയ്ക്ക്
തിരഞ്ഞു ചെന്നപ്പോൾ...

കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !

പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !

17.8.12

കച്ചിത്തുരുമ്പ്


ചില ജന്മങ്ങള്‍
പിന്നെയും
നിര്‍ജ്ജീവങ്ങളാണ്.
തുരുമ്പെടുത്ത 
ഇരുമ്പാണി പോലെയും 

അവ ആതിഥേ
ജീവിതങ്ങളില്‍ തുളയും
വ്രണപ്പെട്ടു ജീവിതം
പൊട്ടിയൊലിക്കും

എന്നിരുന്നാലും ...
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
ആകാശപ്പടികള്‍ 
ഇത്തരം ആണികളാല്‍
നിര്‍മ്മിതമത്രെ!

തുരുമ്പാണികള്‍
ചവിട്ടാതെ
പിന്നെങ്ങിനെയാണൊരു
ജന്മയാത്ര കടന്നു പോകുക!


19.6.12

ദൈവം കരുതിവെച്ചത്



വജാത ശിശുക്കള്‍ക്കായുള്ള 
തീവ്രപരിചരണ മുറിയില്‍ 
മുലയൂട്ടുന്നവളുടെ
വേവിനെ വാങ്ങിവെയ്ക്കണം

മരണത്തിന്റെ
നൂലിഴ പൊട്ടിച്ചവനെ 
ഭൂമിയിലേയ്ക്ക് 
ചുംബിച്ചുണര്‍ത്തണം,

വേവലാതിയില്‍
ഉപ്പുരുക്കുന്ന ഉമ്മയുടെ
കണ്ണോപ്പണം 

ഒറ്റയ്ക്ക് ഓടിച്ചുവരുമ്പോള്‍ 
ഇങ്ങനെയൊക്കെയായിരുന്നെന്റെ
വാഹന വേഗം 

ഭൂമിയോളം താഴ്‌ന്ന്
മഴചുരത്തി നില്‍പ്പാണ്
വഴിനിറമാര്‍ന്ന്‌
ആകാശമപ്പോള്‍.

നനഞ്ഞോടും 
മരങ്ങള്‍ , മനുഷ്യര്‍ 

മഴനനഞ്ഞ റോഡും 
ഞാനുമെന്റെ 
ദൂരം തുരക്കുന്ന പ്രത്യാശയും 
ഓടിയോടിയൊരു 
വളവിലെത്തുമ്പോള്‍ 
മൈലാഞ്ചിയും ,
കള്ളിമുള്‍ചെടിയും 
കാടിനെ പ്രതീതിപ്പിച്ച
പറമ്പിനെ ചൂണ്ടി 
ആശുപത്രിയെത്താറായെന്ന 
തോന്നലിനെ 
തിരുത്തുകയാണൊരാള്‍ !

മരിച്ചവരുടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിവിടെയാണെന്ന്
തണുത്ത വിരലുകള്‍ 
തൊട്ടൊച്ച പൂഴ്ത്തുന്നു.

നിഴലിച്ച ഞരമ്പുകളില്‍ 
ഭീതിയുടെ രക്തക്കുതിപ്പിനെ 
ചക്രവേഗമാക്കുന്നു.

ജീവിതത്തിനും ,
മരണത്തിനും 
മദ്ധ്യേ  പിറന്നവന്,
ഓര്‍ത്തോര്‍ത്തു  
കനലായവള്‍ക്കും 
കരുതിവെച്ച
ചുംബനദൂരത്തേയ്ക്ക് 
ഇന്ധന സമൃദ്ധമല്ലാത്ത 
വാഹനമാണെന്നയാള്‍ 
ഉടലില്‍ നിന്നൂരിയെടുക്കുന്നു


             ഈ കവിത ഇവിടെയും വായിക്കാം 

15.6.12

രാത്രി /പകല്‍






ള്ളതെല്ലാം 
ഉരിഞ്ഞെറിഞ്ഞവന്റെ 
ഉള്ളിന്റെ കറുപ്പിനെ 
ഉടലിലൊട്ടിച്ച്
ഉടുപ്പായ ഇരുട്ട്.

രാത്രിയുടെ തണുപ്പില്‍ 
ചോരയുടെ ചൂടരിച്ചു.
പതുങ്ങിനടന്ന കൊടുവാള്‍പക 
പിന്‍വാങ്ങി !

കിഴക്ക്  വേദനയുടെ 
ചങ്കുണരുമ്പോള്‍ 
പിഴുതെടുത്ത 
ജീവന്‍ കുതറിച്ച
ചോരപോലെ സൂര്യന്‍ !

കാത്തുകാത്തിരുന്ന വിശപ്പിന്റെ 
ആര്‍ത്തിയാണപ്പോള്‍ പകല്‍ 
അധികാരത്തിന്റെ 
ആലകളില്‍ പ്രതികാരത്തിന്‌ 
മൂര്‍ച്ചയേറ്റുന്നു
തിന്ന ചോര കഴുകി_
കൊന്ന വാളിനെ ഊട്ടുന്നു !
കുത്തിവരഞ്ഞ 
കടലാസു പോലെ 
ഇരുട്ട് തന്നെ പകല്‍

ഒരൊറ്റ ഇഴയില്‍ 
ഒരെത് പോലെ 
രണ്ടു കാലങ്ങളെ 
കോര്‍ത്തെടുക്കുന്നു 
ദൈവം !




ചിത്രം: കടപ്പാട് ഗൂഗിള്‍

7.6.12

മരപ്പക!



റക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന 
പകയാവുന്നു 
വീട്ടുമുറ്റം നിറഞ്ഞ 
ഞാവള്‍ പെരുമരം !

ശിഖരങ്ങള്‍ പൂക്കളാല്‍ 
നിബിമാവുന്നു. 
ഇലപ്പച്ച തൂര്‍ന്ന് 
ഇരുട്ടിന്റെ പൊട്ടുകള്‍ 
പഴങ്ങളായും മരപ്പക 
നടന്നടുക്കുന്നു. 

പാഴ്മരമെന്നു തിടമ്പേറിയ 
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

വിളയേണ്ടിടത്തേയ്ക്ക് 
വിത്തുകള്‍ കൊത്തുന്ന 
കിളികള്‍ മഴുവായ്ക്കരം വെച്ച 
ചിന്തയെ ഉലയ്ക്കുന്നു !

പൊടുന്നനെ പേക്കിനാവതിന്‍ 
പഴച്ചവര്‍പ്പിനെ പറയാതെ 
പകലിന്റെ വെയില്‍വക്കു 
തട്ടിയൊരു കൊള്ളിമീനിന്റെ 
ജീവിതമാവുന്നു.

പ്രാതലിന്‌ അടുക്കളയിലൊരു 
മരത്തിന്റെ അസ്ഥികള്‍ 
കത്തുമ്പോള്‍ മരങ്ങളുടെ 
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്  
വംശഹത്യയിലേയ്ക്കൊരു 
പേരിനേ ചൂണ്ടുന്നു...

ഞാവളെന്നെന്റെ ദംഷ്ട്രകള്‍ 
ചിരിക്കുന്നു !
                                                          
                                                             ചിത്രം: കടപ്പാട് ഗൂഗിള്‍

15.12.11

ചുവന്ന കടവ്

                                               
                                                
                                                
                        

പേറ്റുനോവ്‌ തിന്ന് 
കറുത്തിരുണ്ടൊരാകാശം 
സ്ക്കൂളിനും , 

കുട്ടികളുടെ 
കളിപ്പോരിനും
മുകളില്‍ 
മുരണ്ടു നിന്നു !

സ്ക്കൂള്‍ മുറ്റത്തെ
ചീനി മരം !
ആകാശഗര്‍ഭം ചൂഴ്ന്ന്
മരമതിന്റെ
പേറ്റിച്ചിക്കൈകള്‍ 

മാനം കരഞ്ഞ് ,
വെയിലെരിഞ്ഞ്
സ്ക്കൂളഴിഞ്ഞ്,
പുരയിലേയ്ക്ക്
പുഴ മുറിക്കേ..
ആലി മാഷാണ് 
കണ്ടത് .

പുഴയോരത്ത്‌
പൊന്തക്കാട്ടില്‍ 
അടച്ചുവെച്ച
നിലവിളിയുടെ 
മണലുപുതഞ്ഞ
ചോറ്റു പാത്രം !

ഇന്റര്‍ ബെല്ലിനു
കളിമുറ്റത്തോട് കരഞ്ഞത്
അവന്റെയാകാശമാണെന്ന്
തിരഞ്ഞു വന്ന
നിലവിളിയോട്
പള്ളിക്കൂടം പകച്ചുനിന്നു !

പക്ഷികളുടെ
ചാര്‍ട്ടെഴുതാനെന്നു 
പുഴയിലേയ്ക്ക്
കളിക്കാന്‍ പോയതാണ് 

കടവോരത്ത്
കൈതക്കാടിനുള്ളില്‍ 
പേയിളകി
പമ്മിയിരിപ്പായിരുന്നു
പ്രകൃതി വിലക്കിയ
കാമം !  


                         ചിത്രം: കടപ്പാട് ഗൂഗിളിനോട്                 
                                                
                                                                                           

7.12.11

പുലിപ്പേടി !




രാത്രിയെ മുഴുവനായും
നക്കിയെടുത്ത്
പലപല പണികള്‍ക്കായ്
കഴിയാവതുമാളിനെ
കുത്തിനിറയ്ക്കുന്ന നരനേരം.

ഓരോ നിറമുള്ള
ഓന്തിറക്കങ്ങളെ
രം തിരിച്ചറിയാത്ത
പണിനടക്കുന്ന കെട്ടിടത്തിന്റെ
ഇരുട്ട് മുറിയാത്ത മൂലയോ
ബസ്റ്റാന്റിന് പിറകിലെ 
പുഴപ്പറമ്പോ, ആളൊഴിഞ്ഞ 
വാടകപ്പുരയോ, ആഴമില്ലാത്ത 
പൊട്ടക്കിണറോ
പൂഴ്ത്തിവെയ്ക്കുന്നുണ്ട് 
കാടിറങ്ങി തിളങ്ങിയുറയുന്ന 
തീക്കണ്ണുകള്‍ !

നേരമെന്തായി..
രമെന്തായീന്ന്‍
രാത്രി വന്നേന്തി നോക്കുമ്പോള്‍
കൈവെള്ളയോളം പോന്ന
നിന്റെ ഗ്രാമത്തിന് തീവണ്ടി 
യാത്രക്കിടെ കാണാതായ 
പെങ്ങളെ പുലി പിടിച്ച 
കിതപ്പുണ്ട് !

തിരഞ്ഞു പോവുന്ന തീനാളമുണ്ട് !

ചോര പിഞ്ഞിയ
ഉടുപ്പോ, ചെരിപ്പോ
സ്ക്കൂള്‍ വിട്ടെത്തിയ
വിറങ്ങലിപ്പുണ്ട് !

തീരെ കുറഞ്ഞ ഞരക്കങ്ങളെ
ആളൊഴിഞ്ഞ വാടകപ്പുര 
പൊട്ടക്കിണര്‍
പുഴക്കാടുകള്‍  
രാത്രിയെ പൂട്ടിയിട്ട
പണിയരിക്കുന്ന കെട്ടിടങ്ങള്‍
മൂടി വെയ്ക്കുന്നു.

ഒരുപാടൊച്ചകള്‍
തുന്നിച്ചേര്‍ത്തു ചെവിയുരിഞ്ഞ
രത്തിലേയ്ക്കാണവള്‍
വണ്ടികയറിയത് !
ഒരു മുയല്‍ഞരക്കം പോലും
കൂട്ടിനില്ലാതെ !


                                  
                                 ചിത്രം: കടപ്പാട് ഗൂഗിളിനോട്

3.12.11

അയ്യപ്പന്‍!





തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?


കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !


കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?


വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !


ഉച്ചയ്ക്ക് തിന്നാന്‍ 
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !


2.12.11

അരളിയും,കിളിയും


തൂവ്വല്‍ പോലെ പൂ നിറവുള്ള
അരളിത്തുമ്പിലാണ് കൂട്.

തെറ്റാലിത്തുമ്പിലാണ്
ചോര മണമുള്ള ഉന്നം !

ഉച്ച പൊള്ളിച്ച
വെയില്‍ തിന്നും
ഇടറിവീഴും കിളിയൊച്ച.

ഞെട്ടറ്റ കൂട്ടിലെ കുഞ്ഞിന്റെ
വെളുത്ത ഹൃദയം മുറിഞ്ഞ
വേദനയെടുത്തിന്നു
സൂര്യനാറും.
ഇണക്കിളിയുറങ്ങാതെ
രാത്രി പേടിച്ചോടും

ഭയന്ന് വിറങ്ങലിച്ചു
നീയും , ഞാനും!

നമ്മുടെ കണ്ണിലെ
ചോര പോലെ
നരച്ച ഒരേ ആകാശത്തേയ്ക്ക്
പൂത്തുനില്‍ക്കും അരളിനിറം!


29.11.11

വീട്

ങ്ങനെ...
പൊടുന്നനെയൊരിക്കല്‍ 
നിങ്ങളെനിക്കൊരു  
വീട് പണിയുന്നു.
നിശബ്ദത കൊണ്ട്  നിലം, 
കിനാവ്‌ കൊണ്ട്  ചുവരുകള്‍ ,
ഇരുട്ടിന്റെ മേപ്പുര!

നിങ്ങളവളോട്  പറയണം 
മണ്ണിനടിയിലെ
വേലികളും, മതിലുകളുമില്ലാത്ത
വീടിന്
മറവി കൊണ്ടൊരു  
മതില് കെട്ടാന്‍ !

23.12.10

ഉള്ളിജീവിതം





ള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന് തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു.
ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ 
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നൊരു 
തുള്ളി ജീവിതം!

6.5.10

വണ്ടിപ്പുഴയില്‍

റ്റമുറിയുടെ
നിശബ്ദതയിലേക്ക്
വണ്ടിപ്പുഴ തുഴയെ..
ദുബായ് , ദേരയിലെ
നൈഫ് റോഡിനടുത്ത്
കെട്ടിട സൌധങ്ങള്‍ക്കിടയില്‍
സവര്‍മ്മ രൂപത്തില്‍
ജീവിതം പൊതിയുന്ന
സുഹൃത്ത് , മുജീബിന്റെ
കഫ്തീരിയയിലേക്ക്
ഇന്നും ഒരു ദിവസം ചുരുങ്ങി വന്നു.

മണലില്‍ വറുത്ത
നിലക്കടല പോലെ...
നിശബ്ദത മരിച്ചുപോയ
ജരാനര ജന്മത്തിരക്ക്
വെയില്‍ തിന്നു പോയ
ശവശിഷ്ടമാകുന്നു !

മൈലുകള്‍ മറച്ച മതില്‍ പുറത്തൊരു നാരായണി
അവന്റെ ആത്മാവറിവവള്‍ നമ്പരാല്‍
ബന്ധിതമായ ഒരിലാസ്തികതയില്‍
ഞങ്ങളുടെ വിവരാന്വേഷണത്തെ
മുറിച്ചു വന്നു

"എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു" ഒന്ന് മിണ്ടിക്കൂടെന്നു?
കണ്ണിലൊരു കടല്‍ ഖബറടക്കുന്നു .
എനിക്കും കേള്‍ക്കാം,
ജയില്‍ മതിലിനപ്പുറത്ത്
പൂഴ്ത്തിപ്പിടിച്ച പെണ്ണൊച്ച,
ഉടലെരിയും വിയര്‍പ്പിന്റെ
ഉപ്പു നോക്കുന്നുണ്ട് !

ഒരു രാത്രിയുടെ പുതപ്പിരുട്ടിലേയ്ക്ക്
യാത്ര പറഞ്ഞിറങ്ങെ
തേടിയ തെരുവുകണ്ണിലെല്ലാം
ഒരു മഴ വേണമെന്ന്
ജീവിതത്തിന്റെ കരിഞ്ഞുണങ്ങിയ മരച്ചില്ല
ഉയര്‍ത്തിയെറിഞ്ഞു അടയാളം കാട്ടുന്നുണ്ട്
ഒരായിരം നാരായാണിമാര്‍ !

5.1.10

പുനര്‍ജന്മം

വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച

ഇരുളും തുരന്നു
വരും
ഖബറിലൊരു മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

പ്രവാസകവിതയില്‍ പ്രസിദ്ധീകരിച്ചത്.





  

29.12.09

ഇടത്താവളം

സിമന്റുകട്ടകള്‍ക്ക് വഴിയൊഴിഞ്ഞ്
ഏതോ പേരറിയാ മരങ്ങളുടെ
അസ്ഥിപഞ്ചരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന
തീവണ്ടിയാപ്പീസ്

ഒരു ചെങ്കളര്‍ നാടയായി
വെയില്‍ പുതച്ച വയലില്‍ 
അലിഞ്ഞു പോവുന്നു വഴിവരമ്പ്

വെയിലില്‍ പഴുക്കുന്ന
റയില്‍രേഖയുടെ മടുപ്പിലേക്ക്
ചുരുങ്ങിപ്പോയവര്‍ നിവര്‍ത്തിയെടുക്കുന്ന
ജീവിതങ്ങള്‍

തീവണ്ടി പോലെ ജീവിതം ഓടിയെത്തിയ
ഇടത്താവളത്തില്‍
വരാന്‍ വൈകുന്ന വണ്ടിച്ചൂളത്തിനു
ചെവികൊടുത്ത് വിദൂരതയുടെ കണ്ണുകള്‍
ഏതോ കിനാവിന്റെ നിഴല്‍മരച്ചോട്ടില്‍
വണ്ടിയൊഴിയുന്നു.

ഇപ്പോള്‍ പാക്കരന്‍
റയില്‍പാളങ്ങള്‍ക്കുമപ്പുറത്തെവിടെയോ
ആയിരിക്കും !

ഇപ്പോഴുമീ വണ്ടിത്താവളത്തിലുണ്ട്.
അയാളുടെ രാവുകള്‍ക്ക്‌ കൂട്ടുനടന്ന
ഒരു റാന്തല്‍ വിളക്ക്‌

നിലവിളിച്ചോടുന്ന തീവണ്ടികള്‍ക്ക്
പാളങ്ങള്‍ തമ്മിലെ ചേര്‍ത്തുറപ്പായിരുന്നയാള്‍.
ഇന്ന് പാളങ്ങളില്‍ തലയറഞ്ഞെഴുതിയ
കവിതയാവുന്നു.

ഇടക്കെവിടെയോ വച്ച് പാളം തെറ്റിയ
ജീവിതമാവാം -

ഇന്നും-
വെയിലേറ്റു കിടക്കുന്ന
ഈ റയില്‍പാളങ്ങള്‍ പാക്കരന്റെ
ജീവിതത്തിലേക്ക് നീണ്ടു പോവുന്നു !

4.11.09

പുഴയറിയാന്‍..




                                     ചെങ്കുത്തായ
                                            മലയിറങ്ങി
                                            ദുര്‍ഘട വഴികള്‍ കടന്നാണ്
                                            പുഴ വരുന്നത് -
                                            കല്ലും, മുള്ളും വകഞ്ഞ്
                                            വെളിച്ചമറിയാത്ത
                                            കാട്ടിടവഴികളിലൂടെ
                                            കാടിന് ജീവിതം
                                            കൊടുത്ത്‌.

                                            പുഴയറിഞ്ഞു
                                            കടവു കടന്നവരുടെ കണ്ണീര്‍
                                            വേനലിലൂടൊഴുക്കി-
                                            മനസ്സുകളില്‍
                                            പുഴയോളം നിറച്ചു
                                            പുഴ പോകുന്നു.

                                            കടത്തുകാരന്റെ
                                            ജീവിതത്തെ രണ്ടുകര
                                            മുട്ടിക്കുന്ന പോലെ-
                                            പുഴയില്‍ നിന്ന്
                                            ജീവിതങ്ങളിലേയ്ക്ക്
                                            ഒരുപാട് വഴികള്‍
                                            കയറിപ്പോയിരിക്കാം

                                            നിലാവിന് നീലനിറമെന്നു
                                            കവിയറിഞ്ഞത്‌
                                            പുഴ പറഞ്ഞായിരിക്കും

                                            ഒഴുകിയൊഴുകി
                                            ഒടുവിലെല്ലാ പുഴകളും
                                            ഉപ്പറിയാത്ത
                                            ജീവിതം കൊണ്ട്
                                            തിരിച്ചൊഴുകാനാകാതെ
                                            സങ്കടത്തിര തീര്‍ത്ത്‌
                                            ഉപ്പു കുറുക്കും!


       ചിത്രം: കടപ്പാട് ഗൂഗിളിനോട്  

26.10.09

മായം കലരുമ്പോള്‍...


കേള്‍ക്കാറില്ലേ?
മലയാളമല്ല!!
ഒരുതരം വിഷം കലര്‍ന്ന
മിശ്രിത ഭാഷയിലെ
എങ്കോണിച്ച ചുണ്ടുകളുടെ
കൊഞ്ചലുകള്‍.

സ്വന്തം സംസ്ക്കാരം
പുണര്‍ന്നുറങ്ങാന്‍-

ചാനലിലോടി
തളര്‍ന്നുറങ്ങിയ
രാത്രികളുണ്ട്!

വിരലിലെണ്ണാവുന്നവരുമായി
ഒരു ഭാഷാലോകം
ഉള്‍ വലിഞ്ഞതറിയാഞ്ഞാകാം-
ഉള്ളില്‍ വീര്‍പ്പുമുട്ടി
തികട്ടിവന്നൊരു ചിന്തയുമാകാം-
ഒരിക്കല്‍ ഞാനെന്റെ
ക്ലാവുപിടിച്ച തൂലിക
വാളിനരം വെച്ചു.

അങ്ങനെയാണീ വിശാല
ഭൂവിലൊരഞ്ചുസെന്റു
സ്ഥലം പോലെ
ഒരു നാളത്തെ പത്രത്താളില്‍
പ്രമാണമുള്ളൊരിടമെനിക്ക്
സ്വന്തമായുണ്ടായതും‌-
നിരര്‍ത്ഥങ്ങളര്‍ത്ഥം പേറിയ
ഹിപ്പിസയുഗം പോലൊ
രിടത്തതു പൊഴിഞ്ഞതും.

പിന്നീട് ഉള്ളിയും,
ഉണക്കമീനും പൊതിഞ്ഞ്
തെരുവോരത്ത് ചെളിപുരണ്ട്
ചവിട്ടി മെതിച്ച ആ.. ദുരന്ത
കാഴ്ച്ചയെ നീക്കം ചെയ്തത്
ഒരു കാലവര്‍ഷത്തിലെ
കുത്തൊഴുക്കാണ്!!

25.10.09

കൊലക്കാര്‍ഡ്



പ്രവാസം
 തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!!

18.10.09

ഒരു പരേതന്‍!




റുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം.!!





വെയിലില്‍ തിളങ്ങുന്ന
ചോര കുടഞ്ഞ കൊടുവാള്‍
റോഡിനു കുറുകെയെറിഞ്ഞത്
ഒരാളെ തീര്‍ത്ത്‌ പോകുന്ന
വ്യഗ്രതയിലാകാം.

പുത്തരിയല്ലാത്തൊരു
കാഴ്ച്ചയില്‍  ചിന്തകള്‍
മന്ദീഭവിച്ച പോലെ
ഏതോ  ഭാരമടര്‍ന്ന
പ്രതീതിയില്‍ ആരെന്ന
ആകാംക്ഷയില്‍ ഞാന്‍.

പൊടുന്നനെ പിറകിലൊരു
നനുത്ത സ്പര്‍ശം!
മക്കളുടെ ചിലവിനു
കെട്ടിയ വേഷം
വെറുതെ വിടണമെന്നു
വിലപിച്ച ഒരാത്മീയ നേതാവ്
അരയിലെ കൊലക്കത്തി
കോര്‍ത്ത മാലയിലെ
അവസാന കണ്ണി.

ആകാരമില്ലെന്നറിയാതെ
അരയില്‍ പരതവേ
അടക്കം ചെയ്യലിന്റെ
ആദ്യപടി ഒരോലക്കീറു
പുതയ്ക്കുകയാണാള്‍ക്കൂട്ടം.!!