29.12.09

ഇടത്താവളം

സിമന്റുകട്ടകള്‍ക്ക് വഴിയൊഴിഞ്ഞ്
ഏതോ പേരറിയാ മരങ്ങളുടെ
അസ്ഥിപഞ്ചരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന
തീവണ്ടിയാപ്പീസ്

ഒരു ചെങ്കളര്‍ നാടയായി
വെയില്‍ പുതച്ച വയലില്‍ 
അലിഞ്ഞു പോവുന്നു വഴിവരമ്പ്

വെയിലില്‍ പഴുക്കുന്ന
റയില്‍രേഖയുടെ മടുപ്പിലേക്ക്
ചുരുങ്ങിപ്പോയവര്‍ നിവര്‍ത്തിയെടുക്കുന്ന
ജീവിതങ്ങള്‍

തീവണ്ടി പോലെ ജീവിതം ഓടിയെത്തിയ
ഇടത്താവളത്തില്‍
വരാന്‍ വൈകുന്ന വണ്ടിച്ചൂളത്തിനു
ചെവികൊടുത്ത് വിദൂരതയുടെ കണ്ണുകള്‍
ഏതോ കിനാവിന്റെ നിഴല്‍മരച്ചോട്ടില്‍
വണ്ടിയൊഴിയുന്നു.

ഇപ്പോള്‍ പാക്കരന്‍
റയില്‍പാളങ്ങള്‍ക്കുമപ്പുറത്തെവിടെയോ
ആയിരിക്കും !

ഇപ്പോഴുമീ വണ്ടിത്താവളത്തിലുണ്ട്.
അയാളുടെ രാവുകള്‍ക്ക്‌ കൂട്ടുനടന്ന
ഒരു റാന്തല്‍ വിളക്ക്‌

നിലവിളിച്ചോടുന്ന തീവണ്ടികള്‍ക്ക്
പാളങ്ങള്‍ തമ്മിലെ ചേര്‍ത്തുറപ്പായിരുന്നയാള്‍.
ഇന്ന് പാളങ്ങളില്‍ തലയറഞ്ഞെഴുതിയ
കവിതയാവുന്നു.

ഇടക്കെവിടെയോ വച്ച് പാളം തെറ്റിയ
ജീവിതമാവാം -

ഇന്നും-
വെയിലേറ്റു കിടക്കുന്ന
ഈ റയില്‍പാളങ്ങള്‍ പാക്കരന്റെ
ജീവിതത്തിലേക്ക് നീണ്ടു പോവുന്നു !

4 comments:

എം.പി.ഹാഷിം said...

aashamsakal

മനോഹര്‍ മാണിക്കത്ത് said...

ഇപ്പോള്‍ പാക്കരന്‍
റയില്‍പാളങ്ങള്‍ക്കുമപ്പുറത്തെവിടെയോ
ആയിരിക്കും !
തീര്‍ച്ചയായും

ശരിയായ കണ്ടെത്തല്‍
നന്നായി ഈ എഴുത്ത്

ഉമേഷ്‌ പിലിക്കൊട് said...

:-)

ബിലാത്തിപട്ടണം / Bilatthipattanam said...

ആരാലും അറിയതെ പോകുന്ന പാക്കരന്മാരുടെ വീക്കനെസ്സുകൾ..
ഉഗ്രനായിരിക്കുന്നു ഹാഷിം.